1 ദിനവൃത്താന്തം 26
  • 1 വാതിൽ കാവൽക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു.
  • 2 മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖർയ്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
  • 3 യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
  • 4 ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
  • 5 അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
  • 6 അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു.
  • 7 ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;--അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
  • 8 ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
  • 9 മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
  • 10 മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
  • 11 ഹിൽക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖർയ്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ.
  • 12 വാതിൽകാവൽക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
  • 13 അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
  • 14 കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖർയ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
  • 15 തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും
  • 16 കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
  • 17 കിഴക്കെ വാതിൽക്കൽ ആറു ലേവ്യരും വടക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
  • 18 പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
  • 19 കോരഹ്യരിലും മെരാർയ്യരിലും ഉള്ള വാതിൽകാവൽക്കാരുടെ കൂറുകൾ ഇവ തന്നേ.
  • 20 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.
  • 21 ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
  • 22 യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.
  • 23 അമ്രാമ്യർ, യിസ്ഹാർയ്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:
  • 24 മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
  • 25 എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
  • 26 ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
  • 27 യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
  • 28 ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
  • 29 യിസ്ഹാർയ്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
  • 30 ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
  • 31 ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
  • 32 അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കിവച്ചു.