ഉല്പത്തി 9
  • 1 ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.
  • 2 നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സുമദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
  • 3 ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
  • 4 പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.
  • 5 നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
  • 6 ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
  • 7 ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.
  • 8 ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു:
  • 9 ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും
  • 10 ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.
  • 11 ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.
  • 12 പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു:
  • 13 ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.
  • 14 ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും.
  • 15 അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
  • 16 വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വ ജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും.
  • 17 ഞാൻ ഭൂമിയിലുള്ള സർവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
  • 18 പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.
  • 19 ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
  • 20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
  • 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
  • 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
  • 23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
  • 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു.
  • 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.
  • 26 ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.
  • 27 ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.
  • 28 ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.
  • 29 നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.