സദൃശവാക്യങ്ങൾ 20
  • 1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
  • 2 രാജാവിന്റെ ഭീഷണം സിംഹഗർജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
  • 3 വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
  • 4 മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
  • 5 മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
  • 6 മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
  • 7 പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
  • 8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
  • 9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?
  • 10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.
  • 11 ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
  • 12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
  • 13 ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
  • 14 വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.
  • 15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
  • 16 അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
  • 17 വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.
  • 18 ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.
  • 19 നുണയനായി നുടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.
  • 20 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.
  • 21 ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
  • 22 ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
  • 23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
  • 24 മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
  • 25 “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
  • 26 ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
  • 27 മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
  • 28 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
  • 29 യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
  • 30 ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.