സങ്കീർത്തനങ്ങൾ 105
  • 1 യഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
  • 2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
  • 3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
  • 4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
  • 5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
  • 6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
  • 7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.
  • 8 അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
  • 9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
  • 10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
  • 11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻ ദേശം തരും എന്നരുളിച്ചെയ്തു.
  • 12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
  • 13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
  • 14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
  • 15 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
  • 16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
  • 17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
  • 18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
  • 19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
  • 20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
  • 21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
  • 22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
  • 23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
  • 24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
  • 25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
  • 26 അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
  • 27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
  • 28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
  • 29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
  • 30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
  • 31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
  • 32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
  • 33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
  • 34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
  • 35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
  • 36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
  • 37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
  • 38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
  • 39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
  • 40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
  • 41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
  • 42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
  • 43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
  • 44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
  • 45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.